2012, ജൂൺ 24, ഞായറാഴ്‌ച

ഒരു കുമ്പിള്‍
"കടല " മതി
നമുക്കിടയിലെ
"കടല്‍" നികത്താന്‍ .
മയില്‍‌പ്പീലി

മാധവി ചേച്ചിയുടെ പക്കല്‍
നാല് മയില്‍‌പ്പീലികള്‍.

ഒന്നാമത്തേത്
കണക്കുപുസ്തക താളില്‍ സൂക്ഷിച്ചു .
രണ്ടാമത്തേത്‌ ചരിത്ര പുസ്തകത്തില്‍ ,
മൂന്നാമത്തേത് രസതന്ത്രത്തില്‍ ,
നാലാമത്തേത് മലയാള പുസ്തകത്തിലും ...

അക്കങ്ങള്‍ക്കും
സമവാക്യങ്ങള്‍ക്കുമിടയില്‍പെട്ട
ആദ്യത്തേത്‌
അകാലത്തിലൊടുങ്ങി.

ചരിത്രത്തിന്‍റെ
തീക്കാറ്റില്‍
രണ്ടാമത്തേത് കത്തിചാമ്പലായി

ആസിഡ് വീണ്
മുഖം പൊള്ളിയടര്‍ന്ന നിലയില്‍
മൂന്നാമത്തേത് അലഞ്ഞു നടക്കുന്നു.

മലയാളപുസ്തകതാളില്‍ മാത്രം
മയില്‍‌പ്പീലി പെറ്റു പെരുകി .
ഇപ്പോള്‍
മാധവിചേച്ചി
മയില്‍പ്പീലിക്കട നടത്തുന്നുണ്ട് .
അവിടെ
കാമുകീ കാമുകന്മാരും
കവികളും
ക്യൂ നില്‍ക്കുന്നുണ്ട്.

--ഒരിക്കലും
ഒരാളുടെയും പുസ്തകത്താളില്‍
സൂക്ഷിക്കപെടാത്തത് കൊണ്ടാവാം
മാധവിചേച്ചി മാത്രം
പെറ്റില്ല.
ഋതുഭേദങ്ങള്‍...

നിന്നിലെ
ഋതുഭേദങ്ങളെല്ലാം
എനിക്ക് മനപാഠമായിരുന്നു..

"--ഇളംവെയില്‍ ,
പൊടുന്നനെ പെയ്യുന്ന നനുത്ത മഴ,
വിരല്‍ത്തുമ്പിലൂടെ
ഉള്ളിലെത്തുന്ന മഞ്ഞ്..."
അങ്ങനെ,എല്ലാം....

പക്ഷെ ,
ഒരു ഉരുള്‍പ്പൊട്ടലിന്റെ
വിദൂരസാധ്യത
മനസ്സിലായിരുന്നില്ല ,
നിന്നില്‍നിന്നും
ഞാന്‍
ചിതറിത്തെറിച്ചുപോകുംവരെ...
ശില്പങ്ങള്‍ ...

ക്ഷേത്ര ശില്പങ്ങള്‍ക്കരികില്‍ ,
കലാലയങ്ങളിലെ
കരിങ്കല്‍തൂണുകള്‍ക്ക് മറവില്‍ ,
സൂര്യവെളിച്ചമേല്‍ക്കാത്ത
നാട്ടിടവഴികളില്‍ ,
ഉത്സവപ്പറമ്പുകളില്‍ ....

ഇവിടെയൊക്കെ
പകര്‍ന്നു പോയ
കുറെ
ഉമ്മകളുണ്ട്..

ഈ ഉമ്മകളെല്ലാം
മനസ്സില്‍
കൊത്തുപണികളായി
അവശേഷിക്കുന്നതിനാലാണ്
പലരും
ജീവിതത്തില്‍ ശില്പങ്ങളായി
മാറുന്നത്..
തൂവാന തുമ്പികള്‍..

ക്ലാരേ,
വേനല്‍ക്കാല വറുതിയില്‍ പോലും
പുറത്തെടുക്കാതെ
നീ കാത്തുസൂക്ഷിച്ച
മഴയുടെ വിത്തുകള്‍
എനിക്ക് തിരിച്ചു തരൂ ..

തീ പെയ്യുന്ന
ഓരോ വേനലിലും
മേഘവും ഭൂമിയും
നിന്‍റെ പേര്‍ ചൊല്ലി
നിശ്ശബ്ദം
കരയുമ്പോള്‍
"നമ്മള്‍ കാണുമ്പോള്‍ എപ്പഴും മഴയാണെന്ന്"
ഗന്ധര്‍വ ശബ്ദത്തില്‍
ഒരു സാന്ത്വനം !

ക്ലാരേ,
വീണ്ടുമൊരു വേനലില്‍
ഉരുകിത്തീരും മുന്‍പേ
ആ മഴയുടെ വിത്തുകള്‍
എനിക്ക് തരൂ..
ഞാനതൊന്നു മുളപ്പിച്ചെടുത്തോട്ടെ...
കടം

ഉറങ്ങാന്‍ നേരത്തെങ്കിലും
നെഞ്ചിനുള്ളില്‍ നിന്നൊന്ന്
ഇറങ്ങിപ്പൊയ്ക്കൂടെ .

നീ കാരണം
തിരിയാനും
മറിയാനും വയ്യാതെ
ഒരൊറ്റക്കിടപ്പ് കിടന്ന്‌
മടുത്തിരിക്കുന്നു.
 മാറ്റം

ചെമ്മണ്‍പാതയിലെ
ഫോര്‍ടിഫൈവ് ഡിഗ്രി വളവില്‍വെച്ച്
കഴുത്തു വേദനിക്കാതെ
നിനക്കെന്നെ
തിരിഞ്ഞു നോക്കാമായിരുന്നു .

ഇപ്പോള്‍
വളവു നിവര്‍ത്തി
ടാര്‍ ചെയ്തപ്പോളാണ്
നീ തിരിഞ്ഞു നോക്കാതായതും,
ഞാന്‍
കാത്തുനില്‍പ്പ് അവസാനിപ്പിച്ചതും.

ശകുന്തള

ഒരിക്കല്‍
ഒറ്റക്കാലില്‍ നിന്ന്
തിരിഞ്ഞു നോക്കിയത്
നീ.

പക്ഷെ ,
കാലിടറി വീണു പോയത്
ഞാന്‍ .
ഹൃദയത്തിനുള്ളില്‍
നീ തേനീച്ചകളെ വളര്‍ത്തുന്നത്
ഇടയ്ക്കവയെ തുറന്നു വിട്ട്
എന്നെ
കുത്തിനോവിക്കാന്‍ വേണ്ടിയാണ് .

പക്ഷെ ,
അവയെല്ലാം
തിരിച്ചു പറക്കാനാവാതെ
എന്‍റെയുള്ളില്‍ കൂടുകൂട്ടുന്നത്
നീയറിയുന്നില്ലേ ?
ദയാവധത്തിനു മുന്‍പേ.

ഇരുളിലൂടെ വന്നത്
മരണമറിയിപ്പുകാരനായിരുന്നു .
നനയാത്ത ഭാഷയില്‍
അയാളത് പറഞ്ഞു.

ഒടുവില്‍
കാണുമ്പോള്‍
കണ്ണടച്ച് കിടക്കുകയായിരുന്നു .
ശരീരം നിറയെ മുറിവുകള്‍,
ഗര്‍ത്തങ്ങള്‍,
ചക്രങ്ങളുരഞ്ഞത് പോലുള്ള പാടുകള്‍..

നേരിയ ഞരമ്പുകളില്‍ കൂടി
പിച്ച വെച്ചും
കിതച്ചും നീങ്ങുന്ന
നിറമില്ലാത്ത രക്തം

നെഞ്ചിടിപ്പറിയാന്‍
കൈവെച്ചൊന്നു നോക്കിയപ്പോള്‍
തടഞ്ഞത്
ഉപയോഗിച്ചു,പേക്ഷിച്ച
"ഉറ"കള്‍ .

കണ്ണിലൊന്നുമ്മ വെച്ചതായിരുന്നു ;

ആഘോഷങ്ങള്‍ക്കിടയിലെങ്ങോ
ആ നെഞ്ചിലെറിഞ്ഞുടച്ച
ലഹരിയുടെ
ചില്ല് മുനകളാല്‍
ചുണ്ട് മുറിഞ്ഞു .

ഇപ്പോള്‍
ഒരു ദയ വധത്തിനു മുന്‍പേ
മാറില്‍
ഒരു നീരുറവ പോലുമവശേഷിക്കാതെ
അവള്‍ മരിച്ചിരിക്കുന്നു .

ഏറ്റവും ശാന്തവും
വിശുദ്ധവുമായ ഒരു ഉറക്കം .

അവളുടെ
അവസാന ചിന്തകളെക്കുറിച്ച്
ഇനിയെനിക്ക് വേവലാതിയില്ല .
പക്ഷെ ,
ഒന്നു കാണണമെന്നുണ്ട്‌ ;
അവസാനമായി
ആരോ അമര്‍ത്തിയടച്ച
ആ കണ്ണുകള്‍..
മനസ്സിലൊരിടത്ത്
മരുഭൂമിയുണ്ടായിരിക്കുന്നു .
ചുറ്റും
വ്യാപിക്കാതിരിക്കാന്‍
ഒരു
വേലി കെട്ടണം..
അസ്തമയം

കടല്‍ത്തീര സായാഹ്നത്തിലേക്ക്
നടന്നുപോകുമ്പോള്‍
ഒരുമിച്ചായിരുന്നു .

മടങ്ങുമ്പോള്‍
നീയൊറ്റക്കാണെന്ന് കരുതി
വഴിവക്കിലെ
കണ്ണുകള്‍
നിന്നെ കൊളുത്തി വലിക്കുന്നുണ്ട് .

സൂര്യന്‍
കടലിലസ്തമിച്ചപ്പോള്‍
ഞാന്‍
നിന്‍റെ കണ്ണുകളിലസ്തമിച്ചത്
അവര്‍ക്കറിയില്ലല്ലോ .
പ്രവാസി

ഇലകള്‍ക്കും
ചില്ലകള്‍ക്കുംവേണ്ടി
ഉറവകള്‍ തേടി
മരുഭൂമിയിലേക്ക്
ആഴ്ന്നിറങ്ങുന്ന
ഒരു വേര് .

2012, ഏപ്രിൽ 14, ശനിയാഴ്‌ച

മേല്‍വിലാസം...




പ്രരാബ്ധക്കാരി
പലചരക്കു കടയിലേക്ക്
കൊടുത്തയക്കുന്ന
കുറിപ്പുകള്‍ പോലെയാണ്
നിന്‍റെ
പ്രണയലേഖനങ്ങള്‍..

ഓരോ വാക്കിനും
ഓരോ അളവുകള്‍ ..
അളവുകള്‍ക്കപ്പുറത്തേക്ക്
അതിരില്ലാത്ത വാക്കുകള്‍ കൊണ്ട്
നീയെന്നെ
മോഹിപ്പിക്കുന്നില്ല...

അളവുകള്‍ കൂടുമ്പോള്‍
ഉപേക്ഷിക്കപ്പെടാനുള്ള
സാധ്യതയു
കൂടുമെന്ന് പറഞ്ഞ്
നീയെന്‍റെ
പരാതിയുടെ
മുനയൊടിക്കുന്നു..

ഇതിനെയെല്ലാം മറികടക്കാന്‍
വേണ്ടത്
ഒരു റേഷന്‍ കാര്‍ഡാണെന്ന്
ഇപ്പോള്‍
നീ പറയുന്നു...
പക്ഷെ ,
നമുക്കില്ലല്ലോ
വ്യക്തമായ ഒരു പേരും
മേല്‍വിലാസവും...!!!

നീ ...




ഡിക്ഷ്ണറി ചാരെ വെച്ച് മാത്രം
വായിക്കാന്‍ കഴിയുന്ന
മനോഹരമായ
പുറം ചട്ടയുള്ള
ഒരു പുസ്തകം,നീ...!!!

2012, ജനുവരി 30, തിങ്കളാഴ്‌ച

ചെന്നിനായകം



ഹൃദയത്തില്‍ നീയെന്തിനാണ്‌
ചെന്നിനായകം
പുരട്ടിയിരിക്കുന്നത് ?

നിന്നിലേക്കൊഴുകിയെത്തുന്ന
എന്‍റെ പ്രണയം
കൊടും കയ്പ്പ് സഹിക്കാനാവാതെ
പിന്തിരിയുമെന്ന്
കരുതിയിട്ടോ ?

2012, ജനുവരി 23, തിങ്കളാഴ്‌ച

ക്ലാര




കടലില്‍ വീഴുന്ന മഴ ,
ക്ലാരയുടെ ഓര്‍മ്മകള്‍ പെയ്യുന്നതാണെന്ന്
പറഞ്ഞത്
കൌമാരത്തിലെ
കാമുക
ി ആയിരുന്നു ..

പിന്നീടൊരിക്കല്‍ ,
ജൂണ്‍ കഴിഞ്ഞിട്ടും
പിണങ്ങി മടിച്ചുനിന്ന മഴ
അപ്രതീക്ഷിതമായി
ഉച്ചവെയിലിലേക്ക് വീണപ്പോള്‍ ,
ജാലക പ്പഴുതിലൂടെ കണ്ട
മഴ നനഞ്ഞ അയല്‍ക്കാരി
വീണ്ടും ക്ലാരയെ ഓര്‍മ്മിപ്പിച്ചു..

മഴനൂലുകള്‍
മനസ്സുകള്‍ തമ്മിലുള്ള
ഇഴയടുപ്പങ്ങളാണെന്നെഴുതി ,
കണ്ണീര്‍പ്പെയ്ത്തിലൂടെ
കുറിപ്പയച്ച കഥാകാരി
കാലങ്ങള്‍ക്ക് ശേഷം
ക്ലാരയെ ഓര്‍മ്മിപ്പിച്ചു ..!!

ഒടുവില്‍ ,
ഓണ്‍ലൈനില്‍ ,
ക്ലാര മഴ നനയുന്നത്‌ ‌ കണ്ടു കൊണ്ടിരിക്കെ
കടലിനക്കരെ നിന്ന്
വീട്ടുകാരിയുടെ
മൊബൈല്‍ സന്ദേശം..
"ഇപ്പോള്‍ പുളിമരച്ചില്ലകളിലെ
തളിരിലകളില്‍
മഴ വീഴുന്നത്
നോക്കിയിരിക്കുകയാണ് ഞാന്‍ !!! "

സൌഗന്ധികപ്പൂക്കള്



സൌഗന്ധികപ്പൂക്കള്‍:
ഭീമന്‍
പാഞ്ചാലിക്കു നല്‍കിയ
അതിസാഹസികതയുടെ
പ്രണയസമ്മാനം..!
പക്ഷെ ,
പാഞ്ചാലിക്കത്
പഞ്ചപാണ്ടവരെപ്പോലെ
പല കൌതുകങ്ങളിലൊന്ന്..!!!
പങ്കിട്ടെടുക്കാനും
ഊഴം കാത്തിരിക്കാനും
ആരുമില്ലാത്ത ഒരുവളുണ്ട്..
സൌന്ദര്യത്തിലോ
കുലമഹിമയിലോ
പാഞ്ചാലിയോളം
സമ്പന്നയല്ലാത്ത ഒരുവള്‍..!!! 
വഴിയിലുപേക്ഷിക്കപ്പെട്ട
വാടിയ സൌഗന്ധികപ്പൂക്കള്‍ 
പെറുക്കിയെടുത്തു അവള്‍ക്കു നല്‍കുക..!
പ്രണയത്തിന്റെ
രാക്ഷസീഭാവങ്ങള്‍
അവളില്‍ നിന്നനുഭവിച്ച്
ഒരു
പൂര്‍ണ്ണപുരുഷനാകുക..!!!