2012, ജൂൺ 24, ഞായറാഴ്‌ച

ദയാവധത്തിനു മുന്‍പേ.

ഇരുളിലൂടെ വന്നത്
മരണമറിയിപ്പുകാരനായിരുന്നു .
നനയാത്ത ഭാഷയില്‍
അയാളത് പറഞ്ഞു.

ഒടുവില്‍
കാണുമ്പോള്‍
കണ്ണടച്ച് കിടക്കുകയായിരുന്നു .
ശരീരം നിറയെ മുറിവുകള്‍,
ഗര്‍ത്തങ്ങള്‍,
ചക്രങ്ങളുരഞ്ഞത് പോലുള്ള പാടുകള്‍..

നേരിയ ഞരമ്പുകളില്‍ കൂടി
പിച്ച വെച്ചും
കിതച്ചും നീങ്ങുന്ന
നിറമില്ലാത്ത രക്തം

നെഞ്ചിടിപ്പറിയാന്‍
കൈവെച്ചൊന്നു നോക്കിയപ്പോള്‍
തടഞ്ഞത്
ഉപയോഗിച്ചു,പേക്ഷിച്ച
"ഉറ"കള്‍ .

കണ്ണിലൊന്നുമ്മ വെച്ചതായിരുന്നു ;

ആഘോഷങ്ങള്‍ക്കിടയിലെങ്ങോ
ആ നെഞ്ചിലെറിഞ്ഞുടച്ച
ലഹരിയുടെ
ചില്ല് മുനകളാല്‍
ചുണ്ട് മുറിഞ്ഞു .

ഇപ്പോള്‍
ഒരു ദയ വധത്തിനു മുന്‍പേ
മാറില്‍
ഒരു നീരുറവ പോലുമവശേഷിക്കാതെ
അവള്‍ മരിച്ചിരിക്കുന്നു .

ഏറ്റവും ശാന്തവും
വിശുദ്ധവുമായ ഒരു ഉറക്കം .

അവളുടെ
അവസാന ചിന്തകളെക്കുറിച്ച്
ഇനിയെനിക്ക് വേവലാതിയില്ല .
പക്ഷെ ,
ഒന്നു കാണണമെന്നുണ്ട്‌ ;
അവസാനമായി
ആരോ അമര്‍ത്തിയടച്ച
ആ കണ്ണുകള്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ