2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

വെറുതെ

പൂവിതള്‍ പോലുള്ള വിരലുകള്‍ സ്വപ്നം കണ്ട്
കൗതുക കണ്ണുകളോടെ
കാത്തിരിപ്പുണ്ട്‌
കുളക്കടവിലെ മൈലാഞ്ചിയിലകള്‍..

ചോരപൊടിയുന്ന
മുറിവിലേക്കിറ്റി വീണ്
നീറ്റി സുഖപ്പെടുത്താന്‍
സ്കൂള്‍ വേലിക്കരികില്‍
കൊതിച്ചു നില്‍പ്പുണ്ടൊരു കമ്മ്യുണിസ്റ്റ്പച്ച ..

ഇലച്ചീന്തിലോ ,
ഈറന്‍മുടിത്തുമ്പത്തോ
ഇഴുകിച്ചേരാന്‍ കാത്തിരിപ്പുണ്ട്‌,
ക്ഷേത്രവഴിയിലെ തുളസിയിതളുകള്‍..

"--ഒന്ന് ചുവപ്പിക്കുവാനോ,
നീറ്റിക്കുന്ന മുറിവായി മാറാനോ,
ഒരു തുളസിയിതളിന്റെ വിശുദ്ധിയാകാനോ
കഴിയാതെ,
വെറുതെ
കാത്തിരിപ്പുണ്ട്‌ നീയും..."
ഒരുനാള്‍
ഏറ്റവും തിരക്കുള്ള ഒരു പാതയില്‍
ആകസ്മികമായി നമ്മള്‍ കാണും..
കണ്ടിട്ടും
മനസിലാകാതെ
അപരിചിതരെപ്പോലെ നടന്നകലും..
പക്ഷെ ,
പണ്ടെങ്ങോ സൂക്ഷിച്ചു വെച്ച ഓര്‍മ്മകള്‍ക്ക്
പരസ്പരം മനസ്സിലാകും..
നാമറിയാതെ ,
നമ്മില്‍ നിന്നിറങ്ങി അവ
കൈകോര്‍ത്തു
സ്കൂള്‍ മുറ്റങ്ങളില്‍
പൊടിമണ്ണേറ്റു മുഷിയും..
ഒരു ലൈബ്രറിക്കോണിലെ ഇരുട്ടില്‍
കഥാപാത്രങ്ങളാകും
ഒരു മാര്‍ച്ചിന്റെയൊടുവില്‍
ഇരുമ്പുഗേറ്റ് അടയുന്നിടത്തു പകച്ചു നില്‍ക്കും..
ഒടുവില്‍ ,
വാതോരാത്ത ഒരു മൌനമായി
ചെമ്മണ്‍പാതയിലൂടെ പതിയെ നടന്നു നീങ്ങും..

ഇതൊന്നുമറിയാതെ
ഒരു കവര്‍ നിറയെ മരുന്നുകളുമായി നീയും
ചന്തയില്‍ നിന്നും വാങ്ങിയ
തീപിടിച്ച സാധനങ്ങളുമായി ഞാനും രണ്ടു ധ്രുവങ്ങളിലുള്ള
രണ്ടു വീടുകളില്‍ കയറിച്ചെല്ലും..
യാന്ത്രിക ജീവിതത്തിന്റെ ആഴങ്ങളിലേക്ക്
മുഖംകുത്തി വീഴും

അപ്പോഴും
നമ്മില്‍ നിന്നും പറയാതെ പുറത്തിറങ്ങിപ്പോയ
ഓര്‍മ്മകള്‍
ആ ചെമ്മണ്‍പാത നടന്നുതീര്‍ത്തിട്ടുണ്ടാവില്ല !
പുലരും വരെ
അണിഞ്ഞൊരുങ്ങിയിരിക്കാൻ
നിലാവിന്റെ ഉടയാടകൾ കടം വാങ്ങിയിട്ടുണ്ട്,
ഒരു നാണംകുണുങ്ങി രാവ്...
ഓട്ടിന്‍പുറത്ത്,
പൊടുന്നനെ വീണൊരു മഴയെ
വരികളാക്കി നീയയച്ചത്
വായിച്ചിരുന്ന് നനയുകയാണ്‌
ഞാനിപ്പോൾ..
"അകാശത്തുനിന്നടര്‍ത്തിയെടുത്ത,
ഒരൊറ്റനക്ഷത്രം
ഇടവമേഘത്തില്‍ നിന്നും
ഒരുനുള്ള് കണ്മഷി
അസ്തമയ സൂര്യന്‍റെ
ഒരു കുമ്പിള്‍ ചുവപ്പ്.."

നിനക്കണിഞ്ഞൊരുങ്ങാന്‍
ഇത് തന്നെ ധാരാളം...

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

നിന്ടെ സ്റ്റാമ്പ്‌ ശേഖരങ്ങളിലൊന്നും
"ഖത്തർ" ഇല്ലാത്തതിനാലാണ്
നിനക്കൊരു കത്തെഴുതാൻ ഇവിടെ വന്നത്...
ഉള്ളിലുള്ളത് വായിക്കുംമുൻപേ
സ്റ്റാമ്പിൽ കൗതുകകണ്ണുകളെറിയുന്ന
നിന്നിലൂടെ
എന്റെയും ബാല്യം കടന്നുപോകുന്നു..!
പാസ്‌പോര്‍ട്ട്

ആദ്യത്തെ വരവായിരുന്നു.
പാസ്‌പോര്‍ട്ട് നോക്കി അടക്കം പറയുന്നുണ്ട്
ഉദ്യോഗസ്ഥര്‍..
സംശയാസ്പദമായ എന്തെല്ലാമോ
അവരുടെ കണ്ണുകളില്‍...

-"പാസ്പോര്‍ട്ടിലെ
പേരിന്‍റെയവസാനം
പോക്കുവെയിലിന്‍റെ ഒരു ചീള് ,
വാള്‍മുന പോലെ...

വീട്ടുപേരെഴുതിയ
അക്ഷരങ്ങള്‍ക്കിടയില്‍
കരിഞ്ഞ ഒരു തുളസിയിതള്‍..

സ്ഥലം രേഖപ്പെടുത്തിയ ഭാഗത്ത് ,
പാതി ചൊല്ലി നിര്‍ത്തിയ ഒരു കവിതയും ,
കുടിച്ചുതീരാത്ത ഒരു ഗ്ലാസ്സും .

നടുപ്പേജില്‍
നിലാവിലേക്ക്
ചുഴറ്റിയെറിയപ്പെട്ട
അശാന്തമായ രണ്ടു കണ്ണുകള്‍

അവസാന പേജില്‍
അറ്റമില്ലാത്ത
ഇരുള്‍ വിഴുങ്ങിയ
ഒരിടവഴി.."

അന്വേഷണങ്ങള്‍ക്ക് ശേഷം ,
എന്നെ മാറ്റി നിര്‍ത്തി
ഉദ്യോഗസ്ഥന്‍ മൊഴിഞ്ഞു;

"-ഇനിയും
അടയാളപ്പെടുത്തേണ്ട
ചിലത് ബാക്കിയുണ്ട്..
അതിന്
പാസ്പോര്‍ട്ടിലെ ഈ പേജുകള്‍
മതിയാകില്ല "
മഴയൊന്ന് വീണു തുടങ്ങിയാൽ മതി ,
പ്രലോഭനങ്ങളുമായി കവികൾ എത്തിത്തുടങ്ങും..
പിന്നെയവ ,പെയ്യാതെ
കവിതകളിലേക്ക്‌ വഴിപിഴച്ചു പോകും...!
കിനാവിൽ
നീ കൂടെ കൊണ്ടുവന്ന കണ്ണാടി
ഞാൻ എറിഞ്ഞുടച്ചു..
ക്ഷമിയ്ക്കുക,
വെള്ളിനരകൾ പടർന്നുകയറുന്നത് 

സഹിക്കാനാകുന്നില്ല..
കൽപ്പടവുകളിൽ
തേച്ചുമിനുക്കുന്ന ചുവരുകളിൽ
ഞെരിഞ്ഞമരുന്നുണ്ട്,
പുഴയിലേക്ക് പോകാൻ കൊതിക്കുന്ന
മണൽത്തരികൾ..
ദേശാടനക്കിളികള്‍

ഇവയും
ഒരിനത്തില്‍പെട്ട
ദേശാടനക്കിളികള്‍...

മഴ വീഴുന്ന നാട്ടിലെ മരങ്ങളില്‍
കൂട് വെയ്ക്കാനോ
കായ്കനികള്‍
കൊത്തിയെടുക്കാനോ കഴിയാതെ
കടല്‍ കടന്നവ...

മരുഭൂമികളിലെ
വാതകക്കുഴലുകള്‍ക്കിടയിൽ ,
എണ്ണ സംഭരണികള്‍ക്കരികിൽ,
ആകാശം ലക്ഷ്യമാക്കിയുയരുന്ന
കെട്ടിടത്തിനു മുകളിൽ,
ഇവ
വവ്വാലുകളെ ഓര്‍മ്മിപ്പിച്ച്
തൂങ്ങിക്കിടക്കുന്നത്
കാണാം .

ഇവയും ഒരിനത്തില്‍ പെട്ട
ദേശാടനക്കിളികള്‍...

ചിറകുകള്‍
മെല്ലെ കൊഴിഞ്ഞു തുടങ്ങുമ്പോള്‍
കൊക്കിലൊന്നുമവശേഷിക്കാതെ
തിരിച്ചുപറക്കേണ്ടി വരുന്ന
ദേശാടനക്കിളികള്‍...

ഒരു പ്രിയഗാനത്തിന്റെ,
വരികൾക്കിടയിലെ മൌനം പോൽ ,
എത്രയാഴം
എത്രയർത്ഥം
നീയെന്ന നിശ്ശബ്ദത...!