2013, മേയ് 9, വ്യാഴാഴ്‌ച

ഒരിക്കല്‍
ഒരു രാവ് പുലരുമ്പോള്‍
നിന്‍റെ വീട്ടിലേക്കുള്ള
വിശാലമായ കോണ്‍ക്രീറ്റ് പാത
കൊച്ചിടവഴിയാകും .
മുകളറ്റത്ത്
ശൂലം പതിപ്പിച്ച
കൂറ്റന്‍ മതില്‍
മുള്ള് വേലിയാകും.
ഇറ്റാലിയന്‍ മാര്‍ബിള്‍ പതിച്ച
ആകാശത്തെ വെല്ലുവിളിക്കുന്ന വീട്
ഒരോടിട്ട
കൊച്ചുവീടായി മാറും

അന്ന് ,
അന്നുമാത്രം
ഒരിളം കാറ്റിനുപോലും
കടക്കാനാകാത്ത
നിന്‍റെ ഇടുങ്ങിയ ഹൃദയം
ഒരാകാശത്തോളം വിശാലമാകും..
മകള്‍..

കുഞ്ഞുടുപ്പില്‍ നിന്നും
സാരിയിലേക്കെത്തിയിട്ടും
കുട്ടിയാണെന്നായിരുന്നു വിചാരം ..
പിന്നെ
ഒരു തീപ്പന്തമെടുത്തു
നരവീണ നെഞ്ചിലേക്കെറിഞ്ഞു
പടിയിറങ്ങിയപ്പോളാണ്
വലിയ
പെണ്ണായെന്നറിഞ്ഞത്..

ഇപ്പോള്‍
ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ക്കും
അവളുടെ വരികളുള്ള
കോളേജ് മാഗസിനുകള്‍ക്കുമിടയിലിരുന്നു ,
ഒരു പെണ്‍കുട്ടിയുടെ
വളര്‍ച്ചയില്‍ സംഭവിക്കാവുന്ന
വ്യതിയാനങ്ങളെക്കുറിച്ച്
ഗവേഷണം
നടത്തുകയാണ് ഞാന്‍...
കാല്പാടുകള്‍

ശംഖുമുഖം കടല്‍ത്തീരത്ത് നിന്നും
കണ്ടെടുത്ത
നിന്‍റെ കുറെ കാല്പാടുകള്‍
നീയറിയാതെ
സൂക്ഷിച്ചു വെച്ചിട്ടുണ്ട് .

പുതിയ വീട് പണിയുമ്പോള്‍ ,
എന്‍റെ മുറിയില്‍
അവയെ
നൃത്തച്ചുവടുകളായി
നിലത്തു വിരിക്കണം.
ചുരമിറങ്ങി വരുന്ന കാറ്റിനെ
വകഞ്ഞു മാറ്റി
മുകളിലെത്തി കിതച്ചു നില്‍ക്കുന്നു നാം.
ശ്വാസഗതിയുടെ തെറ്റിയ താളത്തില്‍
നിന്‍റെ വാക്കുകള്‍
മുറിഞ്ഞേ പോകുന്നു...

-ഏതു പകലിലും
സൂര്യരശ്മിയെ
ഭൂമിയിലേക്കെത്തിക്കില്ലെന്ന വാശിയില്‍
കൂറ്റന്‍ വൃക്ഷങ്ങള്‍..

കാട്ടുപൂവുകളുടെ മണമുള്ള
കാറ്റ്
നിന്‍റെ മുടിച്ചുരുളുകളിലൊളിക്കുന്ന
കൌതുക കാഴ്ചകള്‍..

വിസ്മയത്തോടെ,
നീരൊഴുക്കുകള്‍ക്കൊപ്പം
കുതിച്ചു പായുന്ന നിന്‍റെ കണ്ണുകള്‍
ഏതെങ്കിലും പാറക്കെട്ടില്‍ തട്ടി
മടങ്ങിയെത്തുമ്പോള്‍
നമുക്കീ ചുരമിറങ്ങാം

അതുവരെ
നമ്മള്‍ മാത്രമുള്ള
ഈയൊരു നിമിഷത്തെ,
ഒരൊറ്റ വൃത്തത്തിലൊതുക്കാന്‍
ഭൂമിയോട്
പ്രാര്‍ത്ഥിക്കാം,നമുക്കിനി.......
ഭാരം

വിശുദ്ധ യാത്രകള്‍ക്കിടയിലെങ്ങോ
ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ച്
ഒറ്റ രൂപാ നാണയമിട്ട്
നാം
ഭാരം നോക്കിയിരുന്നു..
അന്ന് നിന്‍റെ ഭാരം
അമ്പത്തിയഞ്ച്;
എനിക്ക്
എണ്‍പത്.

പിന്നീടെപ്പോഴോ
നാട്ടുകാര്‍
ഒരു തുലാസ്സിലെ
ഒരു തട്ടില്‍ നിന്നെയും
മറുതട്ടില്‍
എന്നെയുമിരുത്തിയപ്പോള്‍
നിന്‍റെ തട്ട്
താഴ്ന്നേ പോയി....!

അന്ന് മുതലാണ്‌
പരസ്പരം ഭാരമാകാതിരിക്കാന്‍
നമ്മള്‍
അകന്നത്..
മഴ ,
കടലിലേക്ക്‌ ,
ഒരു വലയെറിയുന്നു...
വല
വലിച്ചെടുക്കാൻ തുടങ്ങുന്നൊരാകാശത്തെ
കണ്ണുരുട്ടിപ്പേടിപ്പിക്കുന്നു,
കറുത്തൊരു മേഘം..

- നാമപ്പോൾ ,
കടൽത്തീരത്ത്
കണ്ണുകളിലേക്കു പരസ്പരമെറിഞ്ഞ
വലകൾക്കുള്ളിൽ,
പിടയാൻ പോലുമാകാതെ.......