2012, ജനുവരി 30, തിങ്കളാഴ്‌ച

ചെന്നിനായകം



ഹൃദയത്തില്‍ നീയെന്തിനാണ്‌
ചെന്നിനായകം
പുരട്ടിയിരിക്കുന്നത് ?

നിന്നിലേക്കൊഴുകിയെത്തുന്ന
എന്‍റെ പ്രണയം
കൊടും കയ്പ്പ് സഹിക്കാനാവാതെ
പിന്തിരിയുമെന്ന്
കരുതിയിട്ടോ ?

2012, ജനുവരി 23, തിങ്കളാഴ്‌ച

ക്ലാര




കടലില്‍ വീഴുന്ന മഴ ,
ക്ലാരയുടെ ഓര്‍മ്മകള്‍ പെയ്യുന്നതാണെന്ന്
പറഞ്ഞത്
കൌമാരത്തിലെ
കാമുക
ി ആയിരുന്നു ..

പിന്നീടൊരിക്കല്‍ ,
ജൂണ്‍ കഴിഞ്ഞിട്ടും
പിണങ്ങി മടിച്ചുനിന്ന മഴ
അപ്രതീക്ഷിതമായി
ഉച്ചവെയിലിലേക്ക് വീണപ്പോള്‍ ,
ജാലക പ്പഴുതിലൂടെ കണ്ട
മഴ നനഞ്ഞ അയല്‍ക്കാരി
വീണ്ടും ക്ലാരയെ ഓര്‍മ്മിപ്പിച്ചു..

മഴനൂലുകള്‍
മനസ്സുകള്‍ തമ്മിലുള്ള
ഇഴയടുപ്പങ്ങളാണെന്നെഴുതി ,
കണ്ണീര്‍പ്പെയ്ത്തിലൂടെ
കുറിപ്പയച്ച കഥാകാരി
കാലങ്ങള്‍ക്ക് ശേഷം
ക്ലാരയെ ഓര്‍മ്മിപ്പിച്ചു ..!!

ഒടുവില്‍ ,
ഓണ്‍ലൈനില്‍ ,
ക്ലാര മഴ നനയുന്നത്‌ ‌ കണ്ടു കൊണ്ടിരിക്കെ
കടലിനക്കരെ നിന്ന്
വീട്ടുകാരിയുടെ
മൊബൈല്‍ സന്ദേശം..
"ഇപ്പോള്‍ പുളിമരച്ചില്ലകളിലെ
തളിരിലകളില്‍
മഴ വീഴുന്നത്
നോക്കിയിരിക്കുകയാണ് ഞാന്‍ !!! "

സൌഗന്ധികപ്പൂക്കള്



സൌഗന്ധികപ്പൂക്കള്‍:
ഭീമന്‍
പാഞ്ചാലിക്കു നല്‍കിയ
അതിസാഹസികതയുടെ
പ്രണയസമ്മാനം..!
പക്ഷെ ,
പാഞ്ചാലിക്കത്
പഞ്ചപാണ്ടവരെപ്പോലെ
പല കൌതുകങ്ങളിലൊന്ന്..!!!
പങ്കിട്ടെടുക്കാനും
ഊഴം കാത്തിരിക്കാനും
ആരുമില്ലാത്ത ഒരുവളുണ്ട്..
സൌന്ദര്യത്തിലോ
കുലമഹിമയിലോ
പാഞ്ചാലിയോളം
സമ്പന്നയല്ലാത്ത ഒരുവള്‍..!!! 
വഴിയിലുപേക്ഷിക്കപ്പെട്ട
വാടിയ സൌഗന്ധികപ്പൂക്കള്‍ 
പെറുക്കിയെടുത്തു അവള്‍ക്കു നല്‍കുക..!
പ്രണയത്തിന്റെ
രാക്ഷസീഭാവങ്ങള്‍
അവളില്‍ നിന്നനുഭവിച്ച്
ഒരു
പൂര്‍ണ്ണപുരുഷനാകുക..!!!