2011, ഫെബ്രുവരി 13, ഞായറാഴ്‌ച

സമയം


ട്രെയിന്‍ റെയില്‍വേ പാലത്തില്‍ കയറുന്നതിന്
തൊട്ടു മുന്‍പായിരുന്നു
നീ പാലം കടന്നിരുന്നത്.
എന്നും സമയം തെറ്റി വരുന്ന ട്രെയിനിനൊപ്പം
എങ്ങനെയാണു നീ സമയം ക്രമീകരിച്ചിരുന്നത് ?
എന്നെങ്കിലും ഒരിക്കല്‍
നിമിഷങ്ങളുടെ സമയ വ്യത്യാസത്തില്‍
നിന്ടെ സമയം അവസാനിക്കുമെന്ന്
എന്നും ഞാന്‍ ഭയപ്പെട്ടിരുന്നു.

ഇന്നലെ നിന്നെ കണ്ടില്ല.
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
പാലത്തിനും പുഴക്കുമിടയിലെ
അകലം കുറയുന്നതും ,
മഴക്കാഴ്ച്ചകള്‍ക്ക് ഇടയിലൂടെ
ട്രെയിന്‍ കടന്നു പോകുന്നതും ഞാന്‍ കണ്ടു...

നിന്നെ കാണാന്‍ നില്‍ക്കാറുള്ള
പാലതിനടുത്തെ സ്റ്റേഷനില്‍
ആദ്യം വരുന്ന ട്രെയിനിനു
കാത്തുനില്‍ക്കുകയാണ് ഞാനിപ്പോള്‍.
ഇന്ന് പത്രം വായിച്ചില്ല.
ആള്‍ക്കൂട്ടങ്ങളുടെ അടക്കം പറച്ചിലിനും
ചെവി കൊടുത്തില്ല.
എന്നേക്കുമായി ഈ സ്റ്റേഷന്‍ വിടുമ്പോളും,
മഴ മുന്‍ കാഴ്ചകള്‍ മറച്ച ഇന്നലെ
ട്രെയിന്‍ പാലത്തില്‍ കയറുന്നതിന് മുന്‍പ്
നീ പാലം കടന്നെന്ന്
ഉറച്ചു വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ