2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ശലഭ ചിറകുകള്‍


ഒന്ന്

ചാരുലതേ ,
നിനക്ക്
ചിത്ര ശലഭ ചിറകിന്റെ ചാരുത..
മൃദു സ്പര്‍ശമേല്ക്കാതെ ,
മിഴിയേറ് തട്ടാതെ
നീയേ കാക്കുക നിന്നെ...

രണ്ട്‌

ആദ്യം
ഒരു മിസ്സ്‌ഡു കാള്‍
പിന്നെ മിനിട്ടുകളും
മണിക്കൂറുകളും
തിരക്കിലും,പരിധിക്കു പുറത്തും..
ഒടുവില്‍
മാസങ്ങള്‍ക്ക് ശേഷം
പത്രതാളുകളിലെ
നീലയക്ഷരങ്ങള്‍ ....

മൂന്ന്‌

ഇപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കും
ക്യാമറ കണ്ണുകള്‍ക്കും
ഇടയില്‍
നഖമുനകള്‍ ഏറ്റു
വികൃതമായ
ഒരു ചിത്രശലഭ ചിറക്‌ .....

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

രണ്ടു മഴച്ചിത്രങ്ങള്‍


ഒന്ന്

ചെമ്പരത്തിക്കാട്ടില്‍ മഴ വീഴുന്നു.
ചില്ല് ജാലകങ്ങള്‍
പാതി തുറന്നു
നീ മഴയിലേക്ക്‌ നോക്കുന്നു.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍
നിന്ടെ കവിളില്‍
ചെമ്പരത്തി പൂക്കുന്നു.
മഴക്കൊപ്പം
നിന്ടെ ഓര്‍മ്മകളില്‍
ഞാനും നനയുന്നു...

രണ്ട്‌

മഴ തിമര്‍ത്തു പെയ്യുന്നു
കരയുന്ന കുഞ്ഞിനെ ശകാരിച്ച്‌,
ഉണങ്ങാത്ത തുണികളോട്
പരാതി പറഞ്ഞ്,
നീ മഴയെ ശപിക്കുന്നു ...
ഇപ്പോള്‍ ജീവിതചൂടില്‍ ,
മഴ നനയുന്ന നിന്നെ ഓര്‍ക്കാന്‍,
മഴയിലേക്ക്‌
പ്രണയപൂര്‍വ്വം
മിഴി തുറക്കാന്‍
എനിക്കുമാവുന്നില്ല......

എന്റെ വാക്കുകള്‍



എന്റെ വാക്കുകള്‍ ,
അവ
വാള്‍മുന പോലെ മുറി വേല്‍പ്പിക്കുന്നില്ല.
അണയാന്‍ പോകുന്ന കനലിനെ
ആളിക്കത്തിക്കുന്നില്ല .
അവയില്‍ സന്ദേശമോ
അവയ്ക്ക് ചെന്നെത്താന്‍
സങ്കേതമോ ഇല്ല .
ചെറിപ്പഴം പോലെ മധുരമോ
ചെമ്പക മണമോ ഇല്ല .
കടല്‍ത്തീര സന്ധ്യ കണ്ടു മടങ്ങുന്ന
കമിതാക്കളുടെ മനസ്സുപോലെ
അസ്വസ്ഥവുമല്ല.

എന്നിട്ടും ഞാന്‍ എഴുതുന്നത്‌
നീ വായിക്കുമെന്നത് കൊണ്ടാണ്
അതിനു കാരണം
നീയെന്നെ വെറുക്കുന്നതും...

ഒന്ന് മാത്രം നീയറിയുക.
ഒരിക്കല്‍
അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ്
ഇന്ന്
ഇത്ര മാത്രം
നീയെന്നെ വെറുക്കുന്നത് ,
നീയെന്നെ വായിക്കുന്നത്....

സമയം


ട്രെയിന്‍ റെയില്‍വേ പാലത്തില്‍ കയറുന്നതിന്
തൊട്ടു മുന്‍പായിരുന്നു
നീ പാലം കടന്നിരുന്നത്.
എന്നും സമയം തെറ്റി വരുന്ന ട്രെയിനിനൊപ്പം
എങ്ങനെയാണു നീ സമയം ക്രമീകരിച്ചിരുന്നത് ?
എന്നെങ്കിലും ഒരിക്കല്‍
നിമിഷങ്ങളുടെ സമയ വ്യത്യാസത്തില്‍
നിന്ടെ സമയം അവസാനിക്കുമെന്ന്
എന്നും ഞാന്‍ ഭയപ്പെട്ടിരുന്നു.

ഇന്നലെ നിന്നെ കണ്ടില്ല.
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
പാലത്തിനും പുഴക്കുമിടയിലെ
അകലം കുറയുന്നതും ,
മഴക്കാഴ്ച്ചകള്‍ക്ക് ഇടയിലൂടെ
ട്രെയിന്‍ കടന്നു പോകുന്നതും ഞാന്‍ കണ്ടു...

നിന്നെ കാണാന്‍ നില്‍ക്കാറുള്ള
പാലതിനടുത്തെ സ്റ്റേഷനില്‍
ആദ്യം വരുന്ന ട്രെയിനിനു
കാത്തുനില്‍ക്കുകയാണ് ഞാനിപ്പോള്‍.
ഇന്ന് പത്രം വായിച്ചില്ല.
ആള്‍ക്കൂട്ടങ്ങളുടെ അടക്കം പറച്ചിലിനും
ചെവി കൊടുത്തില്ല.
എന്നേക്കുമായി ഈ സ്റ്റേഷന്‍ വിടുമ്പോളും,
മഴ മുന്‍ കാഴ്ചകള്‍ മറച്ച ഇന്നലെ
ട്രെയിന്‍ പാലത്തില്‍ കയറുന്നതിന് മുന്‍പ്
നീ പാലം കടന്നെന്ന്
ഉറച്ചു വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം ...

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

വാക്ക്


തേനും ,
സ്വര്‍ണ്ണവും
സമം ചാലിച്ച്
സൂര്യ വെളിച്ചം മറച്ചു വെച്ച്
സൂക്ഷിച്ചു വെച്ചത് ...

ഒടുവില്‍
നിന്ടെ മനസ്സിന്ടെ
പരുക്കന്‍ മതിലില്‍ തട്ടി
തകര്‍ന്നു പോയത്...

അവള്‍ പറഞ്ഞത്


അവള്‍ പറഞ്ഞത്

വേരുകള്‍

മരങ്ങള്‍ മണ്ണൊലിപ്പ് തടയുന്നില്ല
കാരണം
വേരുകള്‍ക്ക്
മണ്ണിന്ടെ ആത്മാവിലേക്ക്
ഇറങ്ങിചെല്ലാനുള്ള
കഴിവ്
നഷ്ടപ്പെട്ടിരിക്കുന്നു,നിന്നെപ്പോലെ.... ..

2 ആഘോഷം

ഞാന്‍ നായികയെങ്കിലും
എനിക്ക് അഭിനയിക്കാന്‍ കഴിയാത്ത
ഒരു നാടകം .
അറിയുന്നവരുടെയും
അറിയപ്പെടാതവരുടെയും
അഭിനയങ്ങളും
ഒറ്റപ്പെട്ട ചില സങ്കടങ്ങളും
എനിക്ക് കാണാം ..
ചടങ്ങുകളെല്ലാം കഴിഞ്ഞ്
എന്റെ ശരീരം
അഗ്നി വിഴുങ്ങി
ഞാന്‍ വിശുദ്ധ യാകുമ്പോള്‍
എനിക്ക് നിന്നെ കാണണം
ആള്‍ക്കൂട്ടങ്ങള്‍
അകന്നുപോയ ഒരു കോണില്‍
എങ്ങും മിഴിയുറക്കാതെ
അസ്വസ്ഥമായിരിക്കുന്ന
നിന്നിലൂടെ
പ്രണയം ,അത് മരണം തന്നെയാണെന്ന്
എനിക്ക് അറിയണം .

3 പുനര്‍ജ്ജന്മം

അടുത്ത ജന്മത്തില്‍ ഒന്നാവാമെന്നു
ഞാന്‍ പറഞ്ഞു
പുനര്‍ജന്മമില്ലെന്ന് നീയും .
എങ്കിലും
ഏതെങ്കിലും ഒരു കാലത്തില്‍
ദേശവും ഭാഷയും മാറിപ്പോകിലും
നീ നീയും
ഞാന്‍ ഞാനുമായി പുനര്‍ജനിചേക്കാം .
പക്ഷെ നിന്നെ കണ്ടെത്തും വരെ
ഞാന്‍ കണ്‍ പോളകള്‍ അടക്കില്ല .
കാരണം
കണ്ണടക്കുന്ന
നിമിഷാര്‍ധങ്ങളില്‍
എന്റെ കാഴ്ച
നിന്നെ കണ്ടെത്താതെ പോയാലോ.....